പൊന്മുടിയിലേക്ക് ഒരു ബൈക്ക് യാത്ര
*പൊന്മുടി ഒരു സ്വപ്ന സുന്ദരി*2019 ജൂൺ 6…. കള്ളക്കർക്കിടകത്തിന്റെ തലോടൽ പ്രകൃതിയിൽ ആവോളമുണ്ട്, രാവിലെ മുതൽ നല്ല കോരിച്ചൊരിയുന്ന മഴ... മണ്ണിന്റെ മണം മനസ്സിൽ പുതിയൊരുണർവ്വ് പകർന്നു .. ഞായറാഴ്ചയല്ലേ ഒരു യാത്ര പോകാൻ ഇതിലും നല്ലൊരു സമയം വേറെ ഇല്ല... പലരോടും ആഗ്രഹം അറിയിച്ചു.. ഈ പെരുമഴയത്തോ🤔… നിനക്ക് ഭ്രാന്ത്🤣😂…. ഇങ്ങനെ നീളുന്നു കമന്റുകൾ…. 11 മണിവരെ കാത്തിട്ടും ആരും തയ്യാർ ആയില്ല… പട്ടാളത്തിൽ എപ്പോൾ വേണമെങ്കിലും വിളി വരും ഞായറും തിങ്കളും ഒന്നും അവിടൊരു ഒരു പ്രശ്നമേയല്ല … യാത്ര രക്തത്തിൽ അലിഞ്ഞവന് ഇതൊക്കെ കേട്ടെന്ന് വെച്ചുണ്ടോ മനം മാറുന്നു… നേരെ ബൈക്കുമെടുത്തു പള്ളിപ്പുറം ക്യാമ്പിൽ നിന്നും പോത്തൻകോട്-കന്യാകുളങ്ങര-നെടുമങ്ങാട്-വിതുര വഴി പൊന്മുടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു… കന്യാകുളങ്ങര എത്തിയപ്പോഴേ ഒന്നുറപ്പായി ഇന്ന് ബൈക്കുകളുടെ ഒരു നീണ്ട നിര തന്നെ കാണും. മഴയെ വക വെക്കാതെ ജാക്കറ്റ് പോലും ധരിക്കാതെ നിരവധി റൈഡേഴ്സിനെ വഴിയിൽ കണ്ടു.. കല്ലാറിലെ ചെക്ക് പോസ്റ്റിൽ വണ്ടി എൻട്രി ചെയ്തു. താരതമ്യേന വെള്ളം കുറഞ്ഞ ചെറിയൊരു അരുവി ഉണ്ട് ഇവിടെ. നല്ല തെളിനീരും വഹിച്ചു കാനന ഭംഗിയിൽ ആറാടി സുന്ദരിയായി ഒഴുകുന്ന കല്ലാറിൽ കുളിക്കാൻ ഒരു പ്രത്യേക സുഖം ആണ്.. തണുപ്പും മഴയും വകവെക്കാതെ കല്ലാറിലെ കുളിയും കഴിഞ്ഞ് മല കയറാൻ തുടങ്ങി. 22 ഹെയർ പിൻ വളവുകൾ. ഇരു വശത്തും അംബരചുംബികളായി തളിർത്തു പടർന്നു നിൽക്കുന്ന വൻ മരങ്ങൾ. അവക്കിടയിൽ അലങ്കാരം എന്നപോലെ കുറ്റിച്ചെടികൾ പടർന്നു പന്തലിച്ചിരിക്കുന്നു... പൊതുവെ സൂര്യ പ്രകാശം കടക്കാത്ത കാടിനെ കോടമഞ്ഞും മഴമേഘങ്ങളും കൂടിച്ചേർന്ന് കൂടതൽ രൗദ്ര ഭാവത്തിലാക്കിയിരിക്കുന്നു. ചീവീടുകളുടെ നിർത്താതെയുള്ള ശബ്ദം, കാട്ടു പോത്തുകളും കൂകി വിളിക്കുന്ന ചില പക്ഷികളും (ഞാനൊരു പക്ഷി നിരീക്ഷകൻ അല്ലാത്തതുകൊണ്ട് പേരുകൾ അറിയില്ല) ഒഴികെ വന്യ ജീവികൾ ആധിപത്യം ഉറപ്പിക്കാത്ത കാടായതിനാൽ സധൈര്യം ആസ്വദിച്ചു മുന്നേറാം. പകുതി എത്തിയപ്പോൾ തണുത്തു വിറക്കുന്നു. ചെറിയൊരു നീല ഷീറ്റ് വലിച്ചു കെട്ടിയ ഒന്ന് രണ്ട് കടകൾ. നല്ല കടുപ്പത്തിൽ 2 ചായ കുടിച്ചു. കാതിനെ കീറി മുറിച്ചു ചൂളം വിളിച്ചടിക്കുന്ന കാറ്റ് ബാക്കിയുള്ള ഉയരം താണ്ടാൻ അനുവദിക്കുമോ എന്ന് പോലും തോന്നിച്ചു . മഴയുടെ കാഠിന്യവും കാറ്റും കൂടി ആയപ്പോൾ ശരീരം വല്ലാതെ തണുത്തു വിറക്കുന്നു. പൊന്മുടിയുടെ ശൃംഗത്തിൽ എത്തുന്നതിനു ഒരു 2 കിലോമീറ്റർ പിന്നിലായി എൻട്രി ടിക്കറ്റിനായി ഒരു ചെക്ക്പോസ്റ്റ് കൂടി. 45 രൂപ ടിക്കറ്റെടുത്ത് യാത്ര തുടർന്നു. ഇനി മുന്നോട്ടു കാടുകളില്ല. വാഗമണ്ണിനെ അനുസ്മരിപ്പിക്കും വിധം പുൽമേടുകൾ നിറഞ്ഞ മൊട്ട കുന്നുകൾ. ചീറിയടിക്കുന്ന തണുത്ത കാറ്റും. മുകളിൽ ഉയരത്തിൽ 3 കുന്നുകൾ. രണ്ട് പുൽമേടുകളും ഒന്ന് വാഗമണിലെ തങ്ങൾപാറയെ അനുസ്മരിപ്പിക്കും വിധം ഉയരത്തിൽ ഒരു മൊട്ടപ്പാറയും. വണ്ടി താഴെ പാർക്ക് ചെയ്തു പാറയുടെ മുകളിൽ എത്തി. മഴ മേഘങ്ങൾ ഇടക്കിടക്ക് ഒരു വെള്ള പരവതാനി വിരിച്ചു കാഴ്ചയെ മറയ്ക്കുന്നു. ചീറിയടിക്കുന്ന കാറ്റിൽ ശ്രദ്ധിച്ചില്ലെങ്കിൽ താഴെ വീണുപോകും എന്നുള്ള കാര്യം ഉറപ്പാണ്. വെയിൽ ഒരു കള്ളനെപ്പോലെ ഇടക്കിടക്ക് എത്തി നോക്കുന്നുണ്ട്. വെയിൽ ഏൽക്കുമ്പോൾ ദൂരക്കാഴ്ചകൾ നല്ലതുപോലെ കാണാൻ കഴിയുന്നുണ്ട് … ചുറ്റും പച്ച പരവതാനി വിരിച്ചപോലെ മാമലകൾ. സോപ്പ് പെട്ടി കണക്ക് താഴ്വാരത്തിൽ വണ്ടികൾ കാണാം…. സ്വർഗം ഭൂമിയിൽ ഇറങ്ങി വന്നപോലെ. മനുഷ്യന്റെ കിരാത ഹസ്തങ്ങൾക്ക് പിടികൊടുക്കാതെ നഗരത്തിൽ നിന്നും അകന്നു മാറിയ പൊന്മുടി എന്ന സുന്ദരി ആസ്വദിച്ചു മതിയായില്ല എങ്കിലും നാല് മണിയോടെ തിരിച്ചു താഴേക്കുള്ള യാത്ര തുടങ്ങി. ജീവിതത്തിൽ മറക്കാനാവാത്ത ഒരു യാത്ര കൂടി സമ്മാനിച്ച പൊന്മുടിക്ക് നന്ദി പറഞ്ഞു തിരികെ പട്ടാള ചിട്ടകൾ നിറഞ്ഞ പള്ളിപ്പുറം ക്യാമ്പിലേക്ക്.



