ആകാശത്തിലെ മേഘങ്ങൾക്ക് മുകളിൽ കൂടി ബൈക്കിൽ യാത്ര ചെയ്യുക. കാശുള്ളവൻ ബൈക്കുമെടുത്തു നേരെ ഹിമാചലിൽ നിന്നും ഹിമാലയം കയറും. സാധാരണക്കാരനായ എന്നെപ്പോലുള്ള റൈഡേഴ്സിന് കാശ്മീരും ഹിമാചലും ഒക്കെ നമ്മുടെ കൊച്ചു മൂന്നാർ ആണ്. യാത്രകൾ എന്നും സ്വപ്നമാണ് എനിക്ക്, ഒരു നല്ല ബൈക്കിന്റെ അഭാവം കാരണം എന്റെ സ്വപ്‌നങ്ങൾ പൂവണിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ആണ് എന്റെ ജീവിതത്തിലേക്ക് 180 പൾസറിന്റെ കടന്ന് വരവ്.
എന്റെ പരിമിതമായ അറിവിൽ ഈ വാഹനം ഓഫ് റോഡിനു അനുയോജ്യമായത് എന്നായിരുന്നു. എന്റെ ആ ചിന്തയെ അതിന്റെ പരിമിതികളിൽ നിന്ന് കൊണ്ട് കഴിഞ്ഞ 2 വർഷക്കാലം കൊണ്ട് 52000 കിലോമീറ്റർ താണ്ടി അതെന്റെ നല്ല കൂട്ടുകാരനായി കൂടെയുണ്ട്. എങ്കിലും യാത്രകളിലെ അനുഭവ സമ്പത്ത് വച്ച് നോക്കുമ്പോൾ ഹിമാലയ ആയിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായിരുന്നു. ബുള്ളറ്റ് ഒരിക്കലും ഓഫ് റോഡ് ഡ്രൈവിലേക്ക് ഞാൻ പ്രൊമോട്ട് ചെയ്യില്ല. അനുഭവം സാക്ഷി.അങ്ങനെയിരിക്കെ ഒരു ക്ഷണം എന്നെ തേടിയെത്തി. ഒരു സുഹൃത്ത് അവന്റെ മൂന്നാറിലെ വീട്ടിലേക്ക്. വീടെന്ന് വെച്ചാൽ സ്വന്തമൊന്നുമല്ല. മൂന്നാറിലെ തേയില തോട്ടങ്ങളിലെ ജോലിക്കാർക്ക് കമ്പനി നൽകുന്ന ക്വാർട്ടേഴ്‌സ് ആണ്..
ലയങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവയിൽ മിക്കതും ബ്രിട്ടീഷ് സമയം തൊട്ടേ ഉള്ളതാണ്. മൂന്നാറിനെ കുറിച്ച് വലിയ അറിവൊന്നും എനിക്കില്ലാതിരുന്ന സമയം എങ്കിലും യാത്ര ബൈക്കിൽ തന്നെ ആവാം എന്ന് വച്ചു. 2017 സെപ്റ്റംബർ 17 ഒരു ഞായറാഴ്ച പുലർച്ചെ 4:30 ന് കൊച്ചിയിൽ നിന്നും യാത്ര തുടങ്ങി. മഴ തകർത്തു പെയ്യുന്നുണ്ട് . പെരുമ്പാവൂർ - കോതമംഗലം – നേര്യമംഗലം - അടിമാലി വഴി കോതമംഗലം എത്തിയപ്പോൾ പെട്ടെന്ന് മുന്നിൽ കണ്ട കോടമഞ്ഞിൽ നിന്നും ഇനിയും മുന്നിൽ വരാൻ പോകുന്ന കാലാവസ്ഥ എന്തെന്ന് ഏകദേശം ധാരണ ഉണ്ടായി. എന്തായാലും മൂന്നാർ വരെ പോകുവല്ലേ, എങ്കിൽ പിന്നെ കുറച്ചു സ്ഥലങ്ങൾ കൂടി കണ്ടിട്ടാവാം എന്ന് ഉറപ്പിച്ചു. അടുത്തു കണ്ട ചായക്കടയിൽ കയറി നല്ല കടുപ്പത്തിലൊരു സുലൈമാനി അടിച്ചു തണുപ്പിനൊരു ശമനം വരുത്തി ഗൂഗിളിൽ നിന്നും കുറേ സ്ഥലങ്ങളും വഴികളും ഒരു ചാർട്ടാക്കി എടുത്തു വെച്ചു. മൊബൈൽ റേഞ്ച് നഷ്ടപ്പെടുകയോ ഓഫ് ആവുകയോ ഒക്കെ ചെയ്‌താൽ ഈ ചാർട്ട് വളരെ ഉപയോഗപ്പെടും എന്ന അറിവ് സൈനിക ജീവിതത്തിന്റെ ഭാഗമാണ്.ഒരു പഞ്ഞിക്കെട്ട് കണക്കെ പ്രകൃതി ചുറ്റും കോട പുതച്ചിരുന്നതിനാൽ വിദൂര കാഴ്ചകൾ അസാധ്യം ആയിരുന്നു. എങ്കിലും ചീയപ്പാറയും വാളറയും ഒക്കെ മഴക്കാലം ആസ്വദിച്ചു തുള്ളിച്ചാടുന്നോ എന്ന് തോന്നിപ്പോയി. രണ്ട് വെള്ളച്ചാട്ടങ്ങളെയും മതിയാവുവോളം കണ്ടാസ്വദിച്ചു കരടിപ്പാറ വ്യൂ പോയിന്റിൽ എത്തി. വീണ്ടും ഒരു നല്ല ഒന്നാം തരം ചൂട് ചായയും കുടിച്ച് കുറച്ചു സമയം കാഴ്ചകൾ കണ്ടു. വ്യൂ പോയിന്റിൽ ബൈനോക്കുലർ ഉണ്ട്. 25 രൂപ കൊടുത്താൽ അതിലൂടെ കാഴ്ചകൾ കാണാൻ അവസരം കിട്ടും. അവിടെ നിന്നും കുറച്ചു കൂടി മുകളിലേക്ക് യാത്ര ചെയ്യുമ്പോൾ ടാറ്റാ ടീ കമ്പനി ഔട്ട്ലെറ്റ് വലതു വശത്തായി കാണാൻ സാധിക്കും . അതിനോട് ചേർന്ന് താഴേക്ക് ചെറിയൊരു റോഡുണ്ട്. അതിലൂടെ ഒരു 2.5 കിലോമീറ്റർ യാത്ര ചെയ്‌താൽ ആറ്റുകാട് വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാൻ കഴിയും. വാളറയും ചീയപ്പാറയും കീഴ്ക്കാം തൂക്കായ പാറകളിൽ നിന്നും പതിക്കുന്നവയെങ്കിൽ ആറ്റുകാട് തട്ട് തട്ടായ പാറകളിൽ കൂടി പതഞ്ഞൊഴുകി വരുന്നത് കാണാൻ നല്ല ഭംഗിയാണ്.
മറുകരയിൽ വെള്ളച്ചാട്ടത്തോട് ചേർന്ന് ഒരു ചെറിയ കടയുണ്ട്. ചായ കുടി ഒരു വീക്ക്‌നെസ്സ് ആയതിനാൽ വെള്ളച്ചാട്ടത്തിലെ മനം കുളിർക്കുന്ന ഈറൻ കാറ്റേറ്റ് ഒരു ചായയും കുടിച്ച് കുറച്ച് സമയം കൂടി ചിലവഴിച്ചു. അവിടെ നിന്നും തിരികെ ദേശീയ പാതയിലൂടെ കുറച്ചു കൂടി മുന്നോട്ട് പോയി വലതു വശത്തായി കാണുന്ന മൂന്നാർ ഹെഡ് വർക്സ് ഡാമിലൂiടെ വലത്തേക്ക് തേയില തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു യാത്ര, മനോഹരമായ പോതമേട് വ്യൂ പോയിന്റിലേക്ക്. മഴക്കാലം ആയതിനാൽ ചാറ്റൽ മഴപോലെ ഇടക്കിടക്ക് കോട മഞ്ഞു പെയ്തിറങ്ങുന്നുണ്ടായിരുന്നു. നല്ലൊരു ക്യാമറ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി.ഇപ്പോൾ തന്നെ സമയം ഉച്ചയാവുന്നു… ഇനിയും താമസിച്ചാൽ മഴ വീണ്ടും ഇങ്ങെത്തും…. മൂന്നാറിൽ നിന്നും കുറേ ദൂരം രാജേക്കാട് വഴിയിൽ ആണ് അവൻ താമസം… അറിയില്ല എവിടെയാണ് എന്താണ് എന്നൊക്കെ…. നേരെ മൂന്നാർ എത്തി …. അപ്പോഴേക്കും മൊബൈൽ ചാർജ് തീർന്നു ഓഫ് ആയി… ഇനിയിപ്പോൾ എന്ത് ചെയ്യും എന്നറിയില്ല … ഞാൻ അവന്റെ തേയില ഫാക്ടറിയുടെ പേര് ഒരു ടാക്സിക്കാരനോട് ചോദിച്ചു.. കന്നിമല ടീ എസ്റ്റേറ്റ്…. അവൻ വഴി പറഞ്ഞു തന്നു. രാജേക്കാട് റൂട്ടിൽ ഒരു 5 കിലോമീറ്റർ അടുത്തുണ്ട് ദൂരം.
നേരെ അവിടെ എത്തി… താഴെ വഴിയരികിൽ ക്യാരറ്റ് വിൽക്കുന്ന അമ്മാവൻ വീട് കാട്ടി തന്നു … എവിടെയും തേയിലയുടെ മനം മയക്കുന്ന സുഗന്ധം… വിശന്നിട്ടു കുടല് കരിയുന്ന മണത്തിന് നല്ല മീൻ വറുത്തതും കൂട്ടിയുള്ള ഭക്ഷണം ശാന്തത വരുത്തി. ഭക്ഷണ ശേഷം അവൻ എന്നെയും കൂട്ടി തേയിലയുടെ പ്രാചീന നിർമ്മാണ രീതികൾ നേരിട്ട് കാണിക്കുവാൻ ഫാക്ടറിയിലേക്ക് നടന്നു… അവിശ്വസനീയം എന്ന് പറയട്ടെ തേയിലയുടെ നിർമ്മാണത്തിൽ ചെടിയിൽ നിന്നും കപ്പിൽ വരെ എത്തുന്നതിനിടയിൽ വേസ്റ്റ് എന്നൊരു സാധനം ഇല്ല. അതോടൊപ്പം തേയില ഒരു മരം ആണ് കുറ്റി ചെടി അല്ല എന്നും എനിക്ക് അന്നാണ് മനസ്സിലായത്. ഇലകൾ നുള്ളുന്നതും വാടും മുൻപ് അത് ഫാക്ടറിയിൽ എത്തിച്ചു ഉണക്കി പൊടിക്കുന്നതും രുചിയുടെ അടിസ്ഥാനത്തിൽ തരം തിരിക്കുന്നതുമൊക്കെ വളരെ അടുത്ത് നിന്ന് കണ്ടു. അവിടെ വെച്ചാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയില ഫാക്ടറിയെ കുറിച്ച് ഞാൻ അറിഞ്ഞത്… അതേ, അതാണ് കൊളുക്കുമല ടീ എസ്റ്റേറ്റ്.
ഉച്ചക്ക് ശേഷം ചായ കുടിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ ഭ്രാന്തൻ സ്വഭാവം അറിയുന്ന അവൻ പറഞ്ഞു, ഡാ വേഗം തിരികെ പോകണേ മഴക്കാലമാ ആനയിറങ്ങും. കോട ഉള്ളതിനാൽ വഴിയിൽ നിന്നാൽ അറിയാൻ കഴിയില്ല. യാത്ര സിരകളിൽ ജ്വലിക്കുന്നവനെന്ത് ആനയും കടുവയും. മഴയിൽ അൽപ്പം ആശ്വാസം കണ്ടപ്പോൾ സൂര്യനൊന്ന് എത്തി നോക്കി… നേരിയ സൂര്യപ്രകാശത്തിൽ തേയില ഇലയുടെ അഗ്രങ്ങളിൽ മഴത്തുള്ളികൾ തിളങ്ങുന്നുണ്ടായിരുന്നു.
അവക്ക് കുറേ തോട്ടം തൊഴിലാളികളുടെ പട്ടിണിയുടെയും കണ്ണീരിന്റെയും കഥ പറയുവാനുള്ളതുപോലെ തോന്നിച്ചു… തിരികെ വീണ്ടും കൊച്ചിയിലേക്ക് മലയിറങ്ങുമ്പോൾ മനസ്സിൽ ഒരു ശൂന്യത അനുഭവപ്പെട്ടു… ആ തേയിലയുടെ മണം മനസ്സിന് വല്ലാതെയങ്ങു പിടിച്ച പോലെ. രാത്രി ഏകദേശം 11 മണിയോടെ കൊച്ചിയിൽ യാത്ര അവസാനിക്കുമ്പോൾ അകമ്പടിയായി കോരിച്ചൊരിയുന്ന മഴയുമുണ്ടായിരുന്നു… ഫോഗ് ലാമ്പ് സെറ്റ് ചെയ്തിരുന്നതിനാൽ വഴിയിൽ വലിയൊരു ആശ്വാസം ആയിരുന്നു… ഇനിയുള്ള ലക്‌ഷ്യം കൊളുക്കുമലയാണ്…
തെറ്റിക്കാടൻ ✍️















