കടൽ... അതെത്ര കണ്ടാലും മതിവരില്ല...തീരത്തെവാരിപ്പുണർന്ന് അലയടിക്കുന്ന തിരമാലകളെ നോക്കിയിരുന്നാൽ കാലമെത്ര യവനികയിൽ ഒളിച്ചാലും അറിയില്ല നാം. കാണും തോറും വശ്യതയേറുന്ന കടലിന്റെ സൗന്ദര്യം നമ്മളെ വീണ്ടും വീണ്ടും മാടിവിളിക്കുന്നു, ആ മടിത്തട്ടിൽ അൽപ്പം വിശ്രമിക്കാൻ. ആ പ്രലോഭങ്ങളിൽ വീഴാത്തവർ മനുഷ്യഗണത്തിലുൾപ്പെടില്ല, തീർച്ച. ചിലർ സായന്തനത്തിന്റെ ആലസ്യമകറ്റാൻ, മറ്റ് ചിലരോ പ്രണയത്തിന്റെ നഷ്ട നൊമ്പരമലിയിക്കാൻ, ഒരോരുത്തരേയും മാടിവിളിക്കുന്ന വികാരങ്ങൾ വ്യത്യസ്ഥമാവാം.
പുറമെ കടൽ മിക്കവർക്കും ഇങ്ങനെ ഒക്കെ തന്നെയാണ്, എന്നാൽ ഉള്ളിലൊളിഞ്ഞിരിക്കുന്ന രൗദ്ര ഭാവം പലപ്പോഴും നാം കാണാറില്ല, അഥവാ കാഴ്ചക്കു നേരെ നാം മുഖം തിരിക്കുന്നു. ഉല്ലസിക്കാൻ തോന്നലുളവാക്കുന്ന മനോഹര തീരങ്ങൾക്കോരം ചേർന്ന് കിടക്കുന്ന അരവയർ നിറക്കാൻ പോലും പെടാപ്പാട്പെട്ട് എപ്പോൾ തകർന്നടിയുമെന്നറിയാത്ത കൂരയെ നോക്കി ദിനരാത്രങ്ങൾ തള്ളിനീക്കുന്ന ഭീതിജനിപ്പിക്കുന്ന ജീവിത കാഴ്ചകൾ. ആർത്തലക്കുന്ന കടലിനെ പിടിച്ചു നിർത്താൻ വൃഥാ വ്യായാമമായി കെട്ടിപ്പൊക്കുന്ന കരിമണൽ ചാക്കുകളിൽ പ്രതീക്ഷയുടെ നാമ്പുകൾ അർപ്പിക്കുന്ന മനുഷ്യർ, തലപോയ തെങ്ങുകൾക്ക് കടലിൽ അലിഞ്ഞുപോയ കരിങ്കല്ലുകളുടെയും കടലിന്റെ പേരിൽ ഒഴുകിയ കോടികളുടെയും കഥ പറയാനുണ്ടാവും.
നമ്മുടെ ജീവിത സന്തോഷങ്ങൾക്കിടയിൽ എപ്പോഴെങ്കിലും ആരെങ്കിലും ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽ, കഷ്ടപ്പാടുകളിൽ ഊളിയിട്ടു കഴിയുന്ന കടലിന്റ മക്കളെ ഓർക്കാറുണ്ടോ? ആയിരങ്ങൾക്കന്നം കൊടുക്കുന്നവൾ, ആയിരങ്ങളുടെ പോറ്റമ്മ, പക്ഷെ കലി തുള്ളി താണ്ഡവമാടുമ്പോൾ തന്റെ സ്നേഹമവള് മറന്നതായി നടിക്കുന്നു. തന്റെ മക്കളെ കുറിച്ചോർക്കുന്നില്ല.
പതിവുപോലെ കാലവർഷം വരവായി, കടലിന്റെ മക്കൾക്ക് വറുതിയുടെ ദിനങ്ങൾ സമ്മാനിച്ചു പതിവിനു വിപരീതമായി കോവിഡ് എന്ന മഹാമാരിയും അതിന്റെ ആഘാതം കെട്ടടങ്ങും മുൻപ് മറ്റൊരു ട്രോളിംങ് നിരോധന കാലവും വന്നു ചേർന്നേക്കാം.. നമുക്കിടയിൽ ഏറ്റവും ദരിദ്രനാരായണന്മാരാണ് തീരദേശ വാസികളായ മത്സ്യത്തൊഴിലാളികൾ. എന്നാൽ മനസ്സ് കൊണ്ട് ധനികരും. മാറിവരുന്ന കാലാവസ്ഥയും കുറയുന്ന മത്സ്യസമ്പത്തും മൂലം ദുരിതക്കയത്തിലാണിന്നവരുടെ നിത്യ ജീവതം. ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കുട്ടികളുടെ പഠനത്തിനും പട്ടിണിയകറ്റാനും ചിലവഴിക്കുന്നു. വർഷാ വർഷം വരുന്ന വർഷകാലങ്ങളിൽ പട്ടിണി ഏറ്റുവാങ്ങി നിത്യവൃത്തിക്കായി സർക്കാർ റേഷനും മറ്റും ആശ്രയിക്കുന്ന ഇവർക്ക് സ്വന്തം കൂര പോലും നഷ്ടമാവും ഇക്കാലത്തെ കടലാക്രമണം മൂലം. ദുരിതാശ്വാസ ക്യാമ്പെന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന സ്കൂള്‍വരാന്തയിൽജീവിതം കഴിക്കുന്ന എത്രയോപേർ നമുക്ക് സുപരിചിതം. കടൽ ആഞ്ഞടിക്കുമ്പോൾ മാത്രം നടത്തുന്ന പ്രകൃതിക്ഷോഭ കലാപരിപാടികളിൽ മുഖ്യ ഇനമാണ് കടൽ ഭിത്തിനിർമ്മാണം. അശാസ്ത്രീയ രീതിയിൽ ഇടുന്ന കല്ലുകള് ഒലിച്ചു പോകും എന്ന് മാത്രമല്ല കൂടെ കുറേ കോടികളും. വീണ്ടും വർഷം വരും നേതാക്കൾ മാറി വരും കോടികൾ കടലിൽ ഒഴുക്കി, കല്ലിടീൽ തുടരും. വോട്ട് മുഖ്യം. അതാണല്ലോ ജനാധിപത്യത്തിൽ മുഖ്യം.
ശാസ്ത്രം ചൊവ്വയിൽ താമസം തുടങ്ങാൻ ശ്രമിക്കുന്നു പക്ഷേ ഇവിടെ ഈ ഭൂമിയിൽ ശാസ്ത്രീയമായി തീരം എങ്ങനെ സംരക്ഷിക്കാം എന്നാര് പഠിക്കും, അല്ല എന്തിന് പഠിക്കണം. കുറുക്കന്റെ കണ്ണ് കോടികൾ വിലമതിക്കുന്ന നമ്മുടെ സ്വന്തം മണ്ണിലാണല്ലോ. ദുരിതങ്ങൾക്കിടയിൽ കടലമ്മ കനിയുന്ന ചാകരകൾ മാത്രം ഇന്നും ആശ്രയം. അങ്ങു ദൂരെയതാ പ്രതീക്ഷയേകി ഒരു വള്ളം കരക്കണയാനെത്തുന്നു.



No comments:
Post a Comment